വര്‍ഷങ്ങള്‍ മുന്‍പ്, ഓബ്രോയി ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് ഒരു സെവന്‍ സ്റ്റാര്‍ പ്രോജക്ടും അനുബന്ധമായ വികസനങ്ങളും പാതിരാമണലില്‍ ഉണ്ടാക്കുന്നതിനു വേണ്ടി കേരള ഗവണ്‍മെന്‍റുമായി ഒരു ധാരണയുണ്ടാക്കി മുന്നോട്ടു പോകുന്ന സമയത്ത് പരിസ്ഥിതി വാദികളും കുറെ രാഷ്ട്രീയ പ്രവര്‍ത്തകരും, ഈ പ്രോജക്ട് അവിടെ വന്നാല്‍ പരിസ്ഥിതിയെ ബാധിക്കും. പക്ഷികളുടേയും മത്സ്യങ്ങളുടേയും വന്‍നാശത്തിനു കാരണമാകും എന്ന് പറഞ്ഞ് നമ്മുടെ നാടിന്‍റെ വളര്‍ച്ചക്കും കാലത്തിനനുസരിച്ചുളള ആയിരക്കണക്കിന് പുതിയ തൊഴില്‍ സാദ്ധ്യതകളെ നശിപ്പിച്ചുകൊണ്ട് ആ പദ്ധതി മേല്‍പ്പറഞ്ഞ സ്ഥാപിത താല്പര്യക്കാര്‍ നശിപ്പിച്ചു. ഈ സ്ഥാപിത താല്പര്യക്കാരെ, മറ്റു വന്‍കിട ഹോട്ടല്‍ ഗ്രൂപ്പുകള്‍, ഓബ്രോയിക്ക് പാതിരാമണല്‍ കിട്ടാതിരിക്കുന്നതിനുവേണ്ടി ഒരു ചട്ടുകമായി ഉപയോഗിച്ചതായിട്ട് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ മെത്രാന്‍ കായലില്‍ നമ്മുടെ കേരളത്തില്‍ എങ്ങും ഉണ്ടാകാത്ത തരത്തിലുളള വികസന പദ്ധതിയുമായി റാക്ക് ഇന്‍ഡോ ഡവലപ്പേഴ്സ് എന്ന കമ്പനി മുന്നോട്ടുപോകുമ്പോള്‍ കുമരകംകാരുടെ താല്പര്യവുമായി യാതൊരു ബന്ധവുമില്ലാ ത്തതും സെന്‍സേഷണലായ വാര്‍ത്തകള്‍ സൃഷ്ടിച്ച് തങ്ങളുടെ പ്രസക്തി നിലനിര്‍ത്തുന്ന വരുമായ ചാനലുകാരും കൃഷിയുമായി യാതൊരു ബന്ധവുമില്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകരും, പരിസ്ഥിതിവാദം പറഞ്ഞുകൊണ്ട് ഒരു രാഷ്ട്രീയ മീഡിയ യുദ്ധത്തിന്‍റെ പരിണതഫലമായി സ്വപ്നതുല്യമായ ഈ പദ്ധതി കുമരകത്തിനും കോട്ടയത്തിനും കേരളത്തിനും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാക്കി.
കഴിഞ്ഞ എല്‍.ഡി.എഫ്. ഗവണ്‍മെന്‍റിന്‍റെ അനുഗ്രഹാശിസ്സുകളോടു കൂടി വന്ന ഈ പ്രോജക്ട് യു.ഡി.എഫ്. ഗവണ്‍മെന്‍റ് നടപ്പിലാക്കുന്ന സ്ഥിതിയിലെത്തിയത് നമ്മുടെ നാടിന്‍റെ ഒരു വലിയ സ്വപ്നസാക്ഷാത്ക്കാരത്തിന്‍റെ തുടക്കമായിരുന്നു.
കേരളത്തിന്‍റെ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി ശ്രീ. രമേശ് ചെന്നിത്തലയും മേല്‍പ്പറഞ്ഞ പദ്ധതി നടപ്പിലാക്കുന്നതിന് താല്പര്യം എടുത്തതായിട്ടാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. എന്നാല്‍ നട്ടെല്ലു നിവര്‍ത്തി ഈ പദ്ധതിയുടെ പ്രാധാന്യ ത്തെപ്പറ്റി പറയുവാന്‍ അവര്‍ ധൈര്യം കാണിക്കേണ്ടിയിരിക്കുന്നു.
ആവാസസ്ഥിതിയെന്നും പരിസ്ഥിതിയെന്നും പറഞ്ഞ് വികസനങ്ങളെ എതിര്‍ത്തി രുന്ന കോണ്‍ഗ്രസിന്‍റെ മുന്‍നിര നേതാക്കളേയും സി. പി. എമ്മിന്‍റെയും ബി. ജെ. പിയുടേയും ഇത്തരത്തിലുളള മുന്‍നിര നേതാക്കളെയും അല്ല നമുക്കു വേണ്ടത് നേരേമറിച്ച് ശ്രീ. നരേന്ദ്രമോഡിയേയും ശ്രീ. ഉമ്മന്‍ചാണ്ടിയേയും ശ്രീ. പിണറായി വിജയനേയും പോലെ ആര്‍ജ്ജവമുളള നേതാക്കډാരെയാണ് രാഷ്ട്രീയ പ്രവര്‍ത്തന ത്തിനും രാഷ്ട്ര നിര്‍മ്മാണത്തിനും വേണ്ടത്. പക്ഷേ, ഇവര്‍ ജനപക്ഷത്തേയും വോട്ടുബാങ്കിനേയും ശ്രദ്ധിക്കാതെ രാഷ്ട്രതാല്പര്യം സംരക്ഷിക്കുന്നതിനും വേണ്ടി കുറേക്കൂടി പ്രതിബദ്ധത കാണിക്കണം.
മെത്രാന്‍ കായല്‍ എന്നു പറയുന്നത് സെമിനാരി കായല്‍, കരിക്കായല്‍, ഉരിയരി കായല്‍, ചോറ്റുകായല്‍ എന്നിങ്ങനെയുളള നാനൂറോളം ഏക്കര്‍ പാടശേഖരമാണ്. മേല്‍പ്പറഞ്ഞതില്‍ മെത്രാന്‍ കായല്‍ ഓര്‍ത്തഡോക്സ് സഭ ഏതാണ്ട് 120 വര്‍ഷം മുന്‍പ് വേമ്പനാട്ടുകായലിന്‍റെ ഭാഗമായി കിടന്ന കായല്‍ പ്രദേശം അന്നത്തെ ആവാസ വ്യവസ്ഥയെ തകര്‍ത്തെറിഞ്ഞുകൊണ്ട് നികത്തിയെടുത്തു. പരിസ്ഥിതിക്കാരും ഇലക്ഷനെ നോക്കി മാത്രം രാഷ്ട്രീയ വേല ചെയ്യുന്ന രാഷ്ട്രീയക്കാരും അന്നില്ലായിരുന്നതു ഭാഗ്യം. അങ്ങനെ അന്നത്തെ ഭക്ഷ്യധാന്യങ്ങളുടെ ആവശ്യാനുസരണം ഭൂമിയെ മാറ്റിമറിച്ചതു കൊണ്ട് പരിസ്ഥിതിക്കും മറ്റും ഒന്നും സംഭവിച്ചില്ലല്ലോ? അതുപോലെ തന്നെ ഇന്നത്തെ ആവശ്യമനുസരിച്ച് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ പാടശേഖരങ്ങള്‍ക്ക് മാറ്റം വരുത്തുകയാണെങ്കില്‍ ഒന്നും ഇവിടെ സംഭവിക്കുകയില്ല എന്നതല്ലേ യാഥാര്‍ത്ഥ്യം! രാഷ്ട്രീയ പ്രവര്‍ത്തകരും മീഡിയയും സ്ഥാപിത താല്പര്യക്കാരും എന്തു മനസ്സിലാക്കി യിട്ടാണ് ഇതിനെ എതിര്‍ത്തത്? അവര്‍ ഇതിനെക്കുറിച്ച് എന്തെങ്കിലും റിസര്‍ച്ച് ചെയ്തിട്ടുണ്ടോ?
കുമരകത്തിന്‍റെയും കേരളത്തിന്‍റെയും ടൂറിസം താല്പര്യങ്ങള്‍ക്ക് വിഘാതമായിട്ട് നില്‍ക്കുന്ന മറ്റു സംസ്ഥാനങ്ങളുടെ താല്പര്യവും ഏഷ്യന്‍ രാജ്യങ്ങളുടെ താല്പര്യവും ഇതിനെല്ലാം ഉപരി കുമരകത്തെ വന്‍കിട റിസോര്‍ട്ടുകളും ഈ സമരക്കാരേയും മീഡിയകളേയും പരിസ്ഥിതിക്കാരേയും വിലയ്ക്കെടുത്തതാണ് എന്ന് നമ്മള്‍ പറഞ്ഞാല്‍ അതു മുഴുവനായി അവിശ്വസിക്കണമോ?
ഇന്ത്യയിലെ വന്‍ നഗരങ്ങളായ മുംബൈയും കല്‍ക്കട്ടയുമെല്ലാം – അവിടെയുണ്ടായി രുന്നവര്‍ പരിസ്ഥിതി സംരക്ഷിക്കുവാന്‍ ശ്രമിച്ചിരുന്നെങ്കില്‍ കോടിക്കണിന് മനുഷ്യര്‍ക്ക് സൗകര്യപ്രദമായി തൊഴില്‍ ചെയ്ത് ജീവിക്കുവാന്‍ ഉതകുന്ന തരത്തിലുളള വന്‍ നഗരങ്ങളായി അവ മാറുമായിരുന്നോ? നമ്മുടെ ലക്ഷക്കണക്കിന് മലയാളികള്‍ മേല്‍പ്പറഞ്ഞ നഗരങ്ങളെ ആശ്രയിച്ച് ഇപ്പോഴും അവിടെ ജീവിക്കുകയാണല്ലോ. ഈ നഗരങ്ങളിലും വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ധാരാളം കണ്ടല്‍കാടുകളും തണ്ണീര്‍ത്തടങ്ങളും വയലുകളും പക്ഷിമൃഗാദികളും എല്ലാം ഉണ്ടായിരുന്നുവല്ലോ? എന്നാല്‍ നമ്മുടെ പരിസ്ഥിതിക്കാരും രാഷ്ട്രീയക്കാരും മാത്രം അവിടെ ഇല്ലായിരുന്നു. ജനസാന്ദ്രതയും സുഖസൗകര്യങ്ങളും കൂടുന്നതിനനുസരിച്ച് ആരൊക്കെ വിചാരിച്ചാലും ശരി, കാടും പക്ഷിമൃഗാദികളും അന്യമാകുമെന്നത് യാഥാര്‍ത്ഥ്യമാണ്.
മെത്രാന്‍ കായല്‍ പ്രോജക്ടിനെതിരേ ഹൈക്കോര്‍ട്ടില്‍ കേസു കൊടുത്ത കുമരകത്തു ജനിച്ച 81 വയസ്സുളള ശ്രീ. അലക്സാണ്ടര്‍ എഫ്.എ.സി.ടിയില്‍ നിന്നും ജനറല്‍ മാനേജരായി റിട്ടയര്‍ ചെയ്തശേഷം കുമരകത്തുനിന്നും ഏകദേശം 80 കിലോമീറ്റര്‍ അകലെ വടവുകോട് എന്ന സ്ഥലത്ത് ഇപ്പോള്‍ സ്ഥിരതാമസക്കാരനാണ്. അദ്ദേഹം ഒരു യഥാര്‍ത്ഥ കൃഷിക്കാരനാണെന്നുളള ധാരണ എനിക്കില്ല. എന്നാല്‍ കുമരകത്ത് മെത്രാന്‍ കായലില്‍ 9 ഏക്കര്‍ നിലം ഉണ്ട്. അദ്ദേഹം അത് പാട്ടത്തിന് കുമരകത്തുളള ചില കര്‍ഷകര്‍ക്ക്, കൃഷി ചെയ്യുന്നതിനായി 2006 വരെ കൊടുത്തതാ യിട്ടറിയാം.
മേല്‍പ്പറഞ്ഞ റാക്ക് ഇന്‍ഡോ ഡവലപ്പേഴ്സ് കമ്പനിക്കുവേണ്ടി കുമരകത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും ഉള്‍പ്പെടുന്ന കുറെ ചെറുപ്പക്കാര്‍ ചെറുതും വലുതുമായി മെത്രാന്‍ കായലില്‍ കൃഷി നിലമുണ്ടായിരുന്ന 150-ല്‍പരം കര്‍ഷകര്‍ക്ക് ഏക്കറിന് 14 ലക്ഷം മുതല്‍ 35 ലക്ഷം വരെ ഓഫര്‍ ചെയ്തും മറ്റു പ്രലോഭനങ്ങള്‍ കൊടുത്തും ഭീഷണിപ്പെടുത്തിയും മെത്രാന്‍ കായലിലെ ഏകദേശം 328 ഏക്കര്‍ നിലം മേല്‍പ്പറഞ്ഞ കമ്പനിക്കു വേണ്ടി ഇടനിലക്കാരായി നിന്ന് ഇവര്‍ മേടിച്ചുകൊടുക്കുകയും അതിനു പ്രതിഫലമായി ഭീഷണിപ്പെടുത്തിയും അല്ലാതെയും കര്‍ഷകരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ കമ്മീഷനായി നേടിയെടുക്കുകയും ചെയ്തു.
ഈ സമയത്ത് ശ്രീ. അലക്സാണ്ടറിനേയും ഈ വസ്തുക്കച്ചവടത്തിലെ ഇടനിലക്കാര്‍ സമീപിച്ചിരുന്നു. എന്നാല്‍ അലക്സാണ്ടറിന് സാമ്പത്തിക ബുദ്ധിമുട്ടില്ലാത്തതിനാല്‍ വളരെ കൂടിയ തുക പറയുകയും ആയതിനാല്‍ കച്ചവടം നടക്കാതെ പോകുകയും ചെയ്തു. ഈ സാഹചര്യത്തില്‍ മേല്‍പ്പറഞ്ഞ കമ്പനി, തങ്ങള്‍ വാങ്ങിയ 328 ഏക്കറില്‍ മാത്രം ഒതുങ്ങുന്ന പദ്ധതിയുമായി മുന്നോട്ടു പോകുന്ന സമയത്താണ് ശ്രീ. അലക്സാണ്ടര്‍ ഈ കേസ് കൊടുത്തത്. വടവുകോട് താമസിക്കുന്ന ശ്രീ. അലക്സാണ്ടര്‍ തനിക്ക് മെത്രാന്‍ കായലില്‍ കൃഷിചെയ്യാനുളള അതിയായ ആഗ്രഹം മൂലമാണോ, നേരെമറിച്ച് തന്‍റെ വസ്തു വില്‍ക്കുന്നതിനു വേണ്ടിയാണോ, അതോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ ആഗ്രഹ സഫലീകരണത്തിനു വേണ്ടിയാണോ ഈ കേസ് ഫയല്‍ ചെയ്തത് എന്നുളള കാര്യം ഭാവിയില്‍ വ്യക്തമാകും.
മെത്രാന്‍ കായല്‍ വിവാദവുമായി കുമരകത്തു നടന്നതും നടക്കുന്നതുമായ രാഷ്ട്രീയപാര്‍ട്ടികളുെ യോഗങ്ങളിലും പ്രതിഷേധ മാര്‍ച്ചുകളിലും കൊടികുത്തു സമരങ്ങളിലും സംസ്ഥാനതലത്തിലുളള രാഷ്ട്രീയ നേതാക്കډാര്‍ പങ്കെടുക്കുന്നുണ്ട്. എങ്കിലും മേല്‍പ്പറഞ്ഞ സമരങ്ങളില്‍ ഏകദേശം 50-ല്‍പരം താഴെയുളള പ്രവര്‍ത്തകര്‍ മാത്രമാണ് പങ്കെടുക്കുന്നത്. ഇന്നേ നാഴികവരെ മറ്റു ജോലികള്‍ ചെയ്യാത്തവരും രാഷ്ട്രീയത്തെപ്പറ്റി ഘോരഘോരം പ്രസംഗം മാത്രം നടത്തുന്നവരുമായ ഒരു വിഭാഗം മാത്രമായി മേല്‍പ്പറഞ്ഞ സമരക്കാര്‍ ഒതുങ്ങി. മേല്‍പ്പറഞ്ഞ സമരക്കാരില്‍ കേവലം പത്തില്‍ താഴെ മാത്രമാണ് കുമരകം നിവാസികള്‍ എന്നാണ് അറിയാന്‍ കഴിഞ്ഞത്.
മെത്രാന്‍ കായലിനു തൊട്ടു സമീപം കരി എന്നു വിളിക്കുന്ന സ്ഥലത്ത് ഏകദേശം 150-ല്‍ പരം വീട്ടുകാര്‍ താമസിക്കുന്നു. അവിടെയുളള ബഹുഭൂരിപക്ഷം ആള്‍ക്കാരും ഈ സമരങ്ങള്‍ക്ക് എതിരാണ്.
ആയതിനാല്‍ ഈ സമരം കുമരകത്തിന്‍റെയും കേരളത്തിന്‍റെയും ടൂറിസം സാദ്ധ്യതകള്‍ക്ക് തടയിടാന്‍ വേണ്ടി അന്യസംസ്ഥാന ലോബികളും ശ്രീലങ്ക, തായ്ലന്‍റ്, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളും കളിക്കുന്നതാണോ എന്ന് നമ്മള്‍ ചിന്തിച്ചാല്‍ തെറ്റുപറയാന്‍ പറ്റുമോ?
ഇതുതന്നെയല്ലേ തെരുവു നായ്ക്കളെ കൊല്ലരുതെന്ന് അധികാരികള്‍ പറയുമ്പോള്‍ കോടാനുകോടി വിറ്റുവരവുളള മരുന്നുകമ്പനികളുമായി അവര്‍ക്ക് ലിങ്കുണ്ടോ എന്ന് സംശയിക്കുന്നതിനും കാരണം.